---
title: "‘മോദി സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ ജമാഅത്തെ ഇസ്‍ലാമിയുടെ സ്ഥാപനത്തിൽ ആദ്യം നടപ്പാക്കുന്നു’ - ടി.ജെ. ആഞ്ചലോസ്"
english_title: "TJ Angelos Criticises Media Management Over Labour Policy and Wage Denial"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382385/ tj-angelos-criticises-media-management-labour-policy"
published_at: "2026-09-13T07:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa605f86c0dc_tj-angelos-criticises-media-management-labour-policy.jpg"
keywords: ["TJ Angelos", "AITUC", "Media Employees Strike", "Labour Codes"]
---

# ‘മോദി സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ ജമാഅത്തെ ഇസ്‍ലാമിയുടെ സ്ഥാപനത്തിൽ ആദ്യം നടപ്പാക്കുന്നു’ - ടി.ജെ. ആഞ്ചലോസ്

> **Lead Summary:** കോഴിക്കോട്: നരേന്ദ്ര മോദി സർക്കാറിനോട് അതിശക്തമായ എതിർപ്പ് പ്രകടിപ്പിക്കുന്ന ജമാഅത്തെ ഇസ്‍ലാമി നടത്തുന്ന സ്ഥാപനത്തിൽ കേന്ദ്ര ഗവൺമെന്റ് കൊണ്ടുവരുന്ന തൊഴിലാളി വിരുദ്ധ നടപടികൾ ഓരോന്നായി നടപ്പാക്കുന്നത് ഭൂഷണമല്ലെന്ന് എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ്.

## Article Content

കോഴിക്കോട്: നരേന്ദ്ര മോദി സർക്കാറിനോട് അതിശക്തമായ എതിർപ്പ് പ്രകടിപ്പിക്കുന്ന ജമാഅത്തെ ഇസ്‍ലാമി നടത്തുന്ന സ്ഥാപനത്തിൽ കേന്ദ്ര ഗവൺമെന്റ് കൊണ്ടുവരുന്ന തൊഴിലാളി വിരുദ്ധ നടപടികൾ ഓരോന്നായി നടപ്പാക്കുന്നത് ഭൂഷണമല്ലെന്ന് എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ്.

ആ നയസമീപനത്തിനെതിരായ പോരാട്ടത്തിൽ മാധ്യമത്തിലെ ജീവനക്കാർ മത്രമല്ല, തൊഴിലാളി സംഘടനകൾ ഒന്നടങ്കം രംഗത്തിറങ്ങി പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ശമ്പള നിഷേധത്തിനെതിരെ മാധ്യമത്തിലെ തൊഴിലാളികൾ നടത്തുന്ന അനിശ്ചിതകാല സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിയേയും മോദിയേയും ആശയപരമായി എതിർക്കുന്നവർ കേ​ന്ദ്ര ഗവൺമെന്റിന്റെ നയനിലപാടുകൾ ആദ്യം തങ്ങളുടെ സ്ഥാപനത്തിൽ നടപ്പാക്കണമെന്ന് വാശിപിടിക്കുന്നത് ശരിയാണോ.

കേന്ദ്രത്തിന്റെ ലേബർ കോഡുകൾ ഇന്നല്ലെങ്കിൽ നാളെ ഇന്ത്യാ രാജ്യത്തെ തൊഴിലാളികൾ എതിർത്ത് തോൽപിക്കുമെന്നതിൽ ഒരു സംശയവുമില്ല. മാധ്യമം മാനേജ്മെന്റ് ഇത്തരമൊരു നിലപാട് സ്വീകരിക്കാൻ പാടുണ്ടോ.

നിലവിലുള്ള തൊഴിലാളികളെ മുഴുവൻ പറഞ്ഞുവിട്ട് പിറ്റേ ദിവസം മുതൽ അവരെത്തന്നെ കരാർ തൊഴിലാളികളായി വെക്കുകയെന്നത്, ഒരു സ്ഥാപനത്തിൽ ആരംഭിച്ചാൽ നാളെ മറ്റു പല മേഖലകളിലും അത് വ്യാപിക്കും. അത് തൊഴിലാളികളുടെ വേജ് ബോർഡ് അടക്കമുള്ള ആനുകൂല്യങ്ങളെയും തൊഴിൽ സുരക്ഷ​യേയും ബാധിക്കും.

ഇതിനെതിരെ ശക്തമായ നിലപാടുമായി തൊഴിലാളികൾക്കൊപ്പം എ.ഐ.ടി.യു.സി ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമം മാനേജ്മെന്റിൽ നിന്ന് ഇങ്ങനെയൊരു തൊഴിലാളി വിരുദ്ധ നിലപാട് ഉണ്ടാവുമെന്ന് കരുതിയിരുന്നില്ലെന്ന് സമരം ഉദ്ഘാടനം ചെയ്ത കെ. അജിത (അന്വേഷി) പറഞ്ഞു. മുമ്പ് ഞാൻ മാധ്യമത്തെ പിന്തുണക്കുന്ന ആളായിരുന്നു.

എന്നാൽ, തൊഴിലാളികളെ പീഡിപ്പിക്കുന്ന മാനേജ്മെന്റിനെ എങ്ങനെയാണ് പിന്തുണക്കുക. നരേന്ദ്ര മോദിയുടെ വിമർശകർ പൂർണാർഥത്തിൽ അവരുടെ നിലപാട് പിന്തുടരുന്നവരായി മാറി.

മനുഷ്യാവകാശ വിഷയങ്ങളിലൊ​ക്കെ കണ്ടിരുന്ന മാധ്യമം എഡിറ്റർ എന്താണ് ഇക്കാര്യത്തിൽ ഇടപെടാത്തത്. രണ്ടു വാക്ക് അദ്ദേഹത്തിന് ഈ തൊഴിലാളികൾക്ക് വേണ്ടി പറഞ്ഞുകൂടേ. ലാഭം ഉണ്ടാക്കുകയെന്നത് മാത്രമാണോ മാധ്യമം പോലെ പ്രതിബദ്ധതയുള്ള പത്രത്തിന്റെ ലക്ഷ്യമെന്നും അവർ ചോദിച്ചു.

ജനാധിപത്യ മഹിള അസോസിയേഷൻ പ്രതിനിധി അഡ്വ. പി. എം. ആതിര സംസാരിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ടി.വി. ബാലൻ, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.കെ. നാസർ എന്നിവരും പത്താം ദിവസത്തെ സമര പന്തലിലെത്തി.

**English Summary:**

AITUC state president T.J. Angelos criticised the alleged implementation of central government labour policies at an institution run by Jamaat-e-Islami. Speaking at the indefinite strike by Media employees over alleged wage denial, he said workers’ organisations would join the employees in opposing such policies. Angelos questioned whether critics of BJP and Narendra Modi should first implement the Centre’s labour policies in their own institutions. K. Ajitha (Anweshi), who inaugurated the strike, also criticised the Media management and questioned the editor’s silence on the issue. Adv. P.M. Athira, T.V. Balan and P.K. Nassar also addressed or attended the tenth-day strike venue.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382385/ tj-angelos-criticises-media-management-labour-policy)